ലണ്ടൻ: പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവുവന്നതോടെ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള എണ്ണ കയറ്റുമതിയിൽ വൻ വർധന. മേയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ കയറ്റുമതിയിൽ മൂന്നു മില്യണിലധികം ബാരലിന്റെ വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതോടെ പ്രതിദിനം 10 മില്യണ്‍ ബാരലിലധികം ക്രൂഡ് ഓയിലാണ് ഗൾഫ് മേഖലയിൽ നിന്ന് കയറ്റുമതി ചെയ്തതെന്ന് കാർഗോ അനലിറ്റിക്സ് വെബ്സൈറ്റായ കെപ്ലർ റിപ്പോർട്ട് ചെയ്തു. യുദ്ധത്തിന് മുൻപുള്ള ശരാശരിയേക്കാൾ 40 ശതമാനം കുറവാണ് ഇപ്പോഴത്തെ കയറ്റുമതി.
ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടന്ന ദശലക്ഷക്കണക്കിനു ബാരൽ അസംസ്കൃത എണ്ണ അന്താരാഷ്ട്ര വിപണിയിലെത്തിക്കാൻ വഴിയൊരുക്കി എണ്ണ വിപണിയുടെ തിരിച്ചുവരവിന് നേതൃത്വം നൽകിയത് യുഎഇ ആണ്. ഇത് ഉത്പാദനം വർധിപ്പിക്കാനും എണ്ണ വില സംഘർഷത്തിനു മുൻപുള്ള നിരക്കിലേക്ക് താഴ്ത്താനും ഉത്പാദകരെ സഹായിച്ചു.
കെപ്ലർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഇറാക്ക്, ഇറാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള മൊത്തം അസംസ്കൃത എണ്ണ, കണ്ടൻസേറ്റ് എന്നിവയുടെ കയറ്റുമതിയും മേയ് മാസത്തെ അപേക്ഷിച്ച് പ്രതിദിനം 3.5 മില്യണിലധികം ബാരൽ വർധിച്ച് 10.07 മില്യണ്‍ ബാരലിലെത്തി.
മറ്റൊരു കാർഗോ അനലിറ്റിക്സ് കന്പനിയായ വോർട്ടെക്സയുടെ കണക്കനുസരിച്ച് ജൂണിലെ എണ്ണ കയറ്റുമതി പ്രതിദിനം 10.2 മില്യണ്‍ വർധിച്ചു. മേയിൽ ഇത് ഏഴു മില്യണ്‍ ബാരലായിരുന്നു. എന്നാൽ ഒരു വർഷം മുന്പത്തേക്കാൾ 16.5 മില്യണ്‍ ബാരലിന്റെ കുറവാണ്.
കെപ്ലർ ഡാറ്റ പ്രകാരം ജൂണിൽ യുഎഇയുടെ കയറ്റുമതി എക്കാലത്തെയും ഉയർന്ന റിക്കാർഡായ 3.7-3.8 മില്യണ്‍ ബാരലിൽ എത്തി. മേയ് മാസത്തേക്കാൾ ഒരു മില്യണ്‍ ബാരലിലധികം മുകളിലാണിത്.
സൗദി അറേബ്യയുടെ ജൂണിലെ കയറ്റുമതി 7,68,000 ബാരൽ വർധിച്ച് പ്രതിദിനം 4.52 മില്യണ്‍ ബാരലിലെത്തി. ഇറാക്ക്, കുവൈറ്റ് എന്നീ രാജ്യങ്ങളുടെ കയറ്റുമതി 8,00,000 ബാരൽ വീതമായി ഉയർന്നു. കുവൈറ്റ് തങ്ങളുടെ ഉത്പാദനം ജൂണിൽ 1.65 മില്യണ്‍ ബാരലായി കുത്തനെ കൂട്ടിയിട്ടുണ്ട്.
യുഎസ് ഏർപ്പെടുത്തിയ ഉപരോധങ്ങളിൽ ഇളവ് വന്നതോടെ ഇറാന്റെ കയറ്റുമതിയിൽ 70 ശതമാനത്തിലധികം വർധനവുണ്ടായതായി വോർട്ടെക്സ കണക്കുകൾ പറയുന്നു.
യുദ്ധസമയത്ത് ഹോർമുസ് കടലിടുക്ക് ഒഴിവാക്കാനായി സൗദി അറേബ്യയും യുഎഇയും തങ്ങളുടെ ബദൽ പൈപ്പ്ലൈൻ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നു. കൂടാതെ യുഎഇയുടെ ദേശീയ എണ്ണക്കന്പനിയായ അഡ്നോക് (എഡിഎൻഒസി) കയറ്റുമതി സുഗമമാക്കാൻ പ്രത്യേക ടാങ്കർ ഷട്ടിൽ സർവീസും നടത്തി. എന്നാൽ ഇറാക്കിനും കുവൈറ്റിനും ഇത്തരം ബദൽ പൈപ്പ്ലൈൻ സൗകര്യങ്ങൾ ഇല്ലായിരുന്നു.